---
title: "പരിയാരത്ത് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന സിപിഎം നേതാവ് മരിച്ചു."
english_title: "CPM Leader K Satheesan Dies In Bike Accident Kangol Alappadamba West Local Committee Member"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381675/ cpm-leader-k-satheesan-bike-accident-death-kangol-alappadamba"
published_at: "2026-09-08T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fd37e0aedf_cpm-leader-k-satheesan-bike-accident-death-kangol.jpg"
keywords: []
---

# പരിയാരത്ത് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന സിപിഎം നേതാവ് മരിച്ചു.

> **Lead Summary:** കണ്ണൂരിൽ ബൈക്ക് അപകടത്തിൽ അതീവ ഗുരുതരമായി പരുക്കേറ്റ സിപിഎം നേതാവ് ചികിത്സയ്ക്കിടെ മരിച്ചു. സിപിഎം ആലപ്പടമ്പ് വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും കാങ്കോൽ ടൗണിലെ ആകാശ് എന്റർപ്രൈസസ് ഉടമയുമായ കെ. സതീശൻ ആണ് മരണമടഞ്ഞത്.

## Article Content

കണ്ണൂരിൽ ബൈക്ക് അപകടത്തിൽ അതീവ ഗുരുതരമായി പരുക്കേറ്റ സിപിഎം നേതാവ് ചികിത്സയ്ക്കിടെ മരിച്ചു. സിപിഎം ആലപ്പടമ്പ് വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും കാങ്കോൽ ടൗണിലെ ആകാശ് എന്റർപ്രൈസസ് ഉടമയുമായ കെ. സതീശൻ ആണ് മരണമടഞ്ഞത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കാങ്കോൽ ഷോപ്പിൽ നിന്നും സ്വാമിമുക്കിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ പാപ്പരട്ടയിലാണ് അപകടം നടന്നത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പയ്യന്നൂർ സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.

സെപ്റ്റംബർ 9 ബുധനാഴ്ച രാവിലെ 8.15ന് കാങ്കോൽ, 9.00ന് ഏറ്റുകുടുക്ക കൃഷ്ണപിള്ള സ്മാരക മന്ദിരം, 9.30ന് കക്കിരിയാട് പൊതുജന വായനശാല എന്നിവിടങ്ങളിലും തുടർന്ന് സ്വാമിമുക്കിലെ വീട്ടിലും പൊതുദർശനം നടക്കും. 10.30ന് പുല്ലാമണി പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കാരം നടക്കും.

അച്ഛൻ പരേതനായ കൊഴുമ്മൽ ഗോവിന്ദൻ നമ്പ്യാർ, അമ്മ കൈപ്രത്ത് കല്യാണി അമ്മ. ഭാര്യ ശ്രീവിദ്യ (അധ്യാപിക, വലിയചാൽ ഗവൺമെന്റ് എൽപി സ്കൂൾ). മക്കൾ അനശ്വര (എംബിബിഎസ് വിദ്യാർത്ഥിനി, റഷ്യ), ആകാശ് (ബിബിഎ വിദ്യാർത്ഥി, ബാംഗ്ലൂർ).

സഹോദരങ്ങൾ സതീദേവി (കുറുവേലി), പൂമണി (കുറുക്കൂട്ടി), ഗീത (കുണ്ടുവാടി), അനിതാകുമാരി (അധ്യാപിക, കൊഴുമ്മൽ ഗവൺമെന്റ് എൽപി സ്കൂൾ). കർഷക തൊഴിലാളി യൂണിയൻ ആലപ്പടമ്പ് വെസ്റ്റ് വില്ലേജ് സെക്രട്ടറി, കക്കിരിയാട് ആയുർവേദ വിഷ ചികിത്സാലയ സൊസൈറ്റി സെക്രട്ടറി, വാർഡ് വികസന സമിതി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381675/ cpm-leader-k-satheesan-bike-accident-death-kangol-alappadamba)